കാലടി: മലയാറ്റൂരിൽ പുതുഞായർ തിരുനാളാഘോഷിച്ചു. പുതുഞായറാഘോഷത്തിൻ്റെ പ്രധാന ചടങ്ങുകളിലൊന്നായ പൊൻപണമിറക്കൽ ഇന്നലെ വൈകിട്ട് നടക്കുകയുണ്ടായി. നൂറുകണക്കിന് വിശ്വാസികൾ കുരിശുമുടിയിലെ നേർച്ചപ്പണം തലയിലേറ്റി താഴെ പള്ളിയിലേക്ക് നടന്നെത്തി.
1200 ചാക്കുകളിലാക്കിയ നേർച്ചപ്പണം പ്രാർഥനകൾക്കു ശേഷം തീർഥാടകരുടെ തലയിലേറ്റി വൈകിട്ട് 3 ന് കുരിശുമുടിയിൽ നിന്ന് യാത്ര തിരിച്ചു. ഇതിനായി ശനിയാഴ്ച മുതൽ കുരിശുമുടിയിൽ ടോക്കണെടുത്ത് കാത്തിരിക്കുകയായിരുന്നു. വയോധികർ മുതൽ കുട്ടികൾ വരെ പൊൻപണം തലയിലേറ്റാനുണ്ടായിരുന്നു. ഇവരോടൊപ്പം 4 ആടുകളുമുണ്ടായിരുന്നു.
ആദ്യ കാലങ്ങളിൽ കുരിശുമുടിയിൽ പൊൻകുരിശിന്നു മുന്നിൽ കെടാതെ കത്തുന്ന വിളക്ക് കാറ്റടിച്ച് കെട്ടുപോയാൽ വരയാടുകൾ അടിവാരത്ത് വന്ന് കരയുമായിരുന്നു. തുടർന്ന് ഇടവകക്കാർ മലമുകളിലെത്തി വിളക്ക് തെ ളിക്കും.ഈ സ്മരണയിലാണ് പൊൻപണവുമായുള്ള യാത്രയിൽ ആടുകളെ കൂട്ടുന്നത്.
മലയാറ്റൂർ പള്ളിയിൽ വികാരി ഫാ.ജോസ് ഒഴലക്കാട്ടും പള്ളി ഭാരവാഹികളും ചേർന്ന് പൊൻപണം സ്വീകരിച്ചു.
കുരിശുമുടി അസിസ്റ്റൻ്റ് വികാരി ഫാ. ആൽബിൻ വെള്ളാഞ്ഞിയിൽ, കുരിശുമുടി സ്‌പിരിച്വൽ ഡയറക്ടർ ഫാ.ആന്റണി നടുവത്തുശേരി, കൈക്കരൻമാരായ ജോർളി ഈരത്തറ, ആബേൽ കപ്യാരുകുടിയിൽ, ടിനു തറയിൽ എന്നിവർ നേതൃത്വം നൽകി.
എട്ടാമിടം വരെ 24 മണിക്കൂറും തീർഥാടകർക്കു മലകയറാനാകും. 17 മുതൽ 19 വരെയാണ് എട്ടാമിടാഘോഷം.













