ഹൃദയാഘാതത്തിൻ്റെ സമയത്ത് മാലാഖാമാർ തുണയായി
അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെരുമ്പാവൂർ പള്ളിക്കവല ഹൈദരാലി ജംക്‌ഷനിൽ ചിരക്കക്കുടി സി.ഇ. സിനാജ് (43) അപകടനില തരണം ചെയ്തു.
രാവിലെ 9.15ന് ഒക്കൽ താന്നിപ്പുഴയിൽ ലൈറ്റിട്ടു ട്രാക്ക് തെറ്റിച്ചു വേഗത്തിൽ കാറോടിച്ചു പോയ സിനാജിനോട്, ഒക്കൽ തുരുത്തി സ്വദേശി എം.എസ്. രഞ്ജിത് വിവരം തിരക്കി. നെഞ്ചുവേദന കാരണം ആശുപത്രിയിലേക്കു പോവുകയാണെന്നു പറഞ്ഞ സിനാജിനോട് വാഹനക്കുരുക്കായതിനാൽ പെരുമ്പാവൂരിലെ ആശുപത്രിയിലേക്കു പോകുന്നതാണു നല്ലതെന്നു നിർദേശിച്ച രഞ്ജിത് മകനെ സ്കൂളിലാക്കാൻ പോയി. പോകുന്ന വഴിയിൽ സുഹൃത്ത് ഓണമ്പിളളി മുണ്ടേത്ത് എം.എച്ച്. മുഹമ്മദാലിയോടു വിവരം പറഞ്ഞു. അപ്പോഴേക്കും സിനാജിന്റെ കാർ വാഹനക്കുരുക്കിൽപെട്ടു മുന്നോട്ടു നീങ്ങാനാകാത്ത അവസ്ഥയിലായി.
ആംബുലൻസ് വിളിക്കാമെന്നും കാർ റോഡരികിൽ നിർത്താനും വഴിയിൽ കാത്തുനിന്ന മുഹമ്മദാലി പറഞ്ഞു. സിനാജിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പി.ജെ. പ്രസീജിനു ഡ്രൈവിങ്ങിൽ പരിചയക്കുറവുണ്ടായിരുന്നു.
സമീപത്തെ ഹോളോബ്രിക്സ് നിർമാണ യൂണിറ്റിലേക്കു വാഹനം കയറ്റിയിട്ടു. അപ്പോഴേക്കും സിനാജ് കുഴഞ്ഞു വീണു. കുട്ടിയെ സ്കൂളിലാക്കിയ ശേഷം രഞ്ജിത്തും എത്തി.
പെരുമ്പാവൂർ ഭാഗത്തേക്കുളള കുരുക്കിൽപെട്ടു കിടന്ന ‘ഏയ്ഞ്ചൽ’ ബസിനു സമീപമെത്തി ആരോഗ്യ പ്രവർത്തകർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ സഹായിക്കണമെന്നു രഞ്ജിത് അഭ്യർഥിച്ചു. ഉടൻ തന്നെ അഞ്ജലിയും ആർദ്രയും ബസിൽ നിന്നിറങ്ങി രക്ഷാപ്രവർത്തനം നടത്തി. അപ്പോഴേക്കും മുഹമ്മദാലി ഓണമ്പിളളി മുസ്‌ലിം ജമാഅത്തിന്റെ ആംബുലൻസ് വിളിച്ചു. ആംബുലൻസിൽ അഞ്ജലിയും കയറി. അങ്കമാലിയിലെ ആശുപത്രിയിൽ എത്തുന്നതു വരെ സിപിആർ തുടർന്നു. അവിടെ എത്തിയപ്പോഴേക്കും ആരോഗ്യനില മെച്ചപ്പെട്ടു. രക്തധമനിയിൽ ബ്ലോക്ക് കണ്ടെത്തിയ സിനാജിന് ആൻജിയോപ്ലാസ്റ്റി ചെയ്തു. ഇന്നോ നാളെയോ മുറിയിലേക്കു മാറ്റും.
തക്ക സമയത്ത് തുണയായ നാട്ടുകാർക്കും, 'മാലാഖാമാരെപ്പോലെ' പ്രവർത്തന നിരതരായ നഴ്‌സുമാരും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.❤️
