പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷൻ വഴി നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാകോഴ്സുകളിലേയ്ക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഏഴാംതരം പാസായ 17 വയസ് പൂർത്തിയായവർക്കും, 2019 വരെയുള്ള കാലയളവിൽ എസ്എസ്എൽസി പരീക്ഷ എഴുതി തോറ്റവർക്കും ഇപ്പോൾ പത്താംതരം തുല്യതയ്ക്ക് ചേരാവുന്നതാണ്.
കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാമിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാണ്. പാസ്സാകുന്നവർക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പി എസ് സി നിയമനത്തിനും അർഹതയുണ്ട്. പത്താം ക്ലാസ് വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതാകോഴ്സിന് ചേരാവുന്നതാണ്. പ്ലസ് ടൂ/പ്രീ ഡിഗ്രി തോറ്റവർക്കും, ഇടയ്ക്കുവെച്ച് പഠനം നിർത്തിയവർക്കും ഹയർ സെക്കൻഡറി കോഴ്സിൽ ചേരാം.
ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളാണുള്ളത്. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയർ സെക്കൻഡറി കോഴ്സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയർ സെക്കൻഡറി തുല്യതാകോഴ്സിലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയിക്കുന്നവർക്ക് ഉപരിപഠനത്തിന് അർഹതയുണ്ടാകും.
അഡ്മിഷൻ ഫീസും കോഴ്സ് ഫീസും ഉൾപ്പെടെ 2600 രൂപയാണ് ഹയർ സെക്കൻഡറി കോഴ്സിനുള്ളത്. പത്താംതരത്തിന് അപേക്ഷാഫീസും കോഴ്സ് ഫീസും ഉൾപ്പെടെ 1950 രൂപയാണ്. എസ് സി/എസ് ടി വിഭാഗത്തിൽപ്പെട്ടവർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വ്യക്തികൾ എന്നിവർ കോഴ്സ് ഫീസ് അടക്കേണ്ടതില്ല. ഇവർ രജിസ്ട്രേഷൻ ഫീസ് മാത്രം അടച്ചാൽ മതിയാകും. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും സമ്പർക്ക പഠന ക്ലാസുകൾ ഉണ്ടായിരിക്കും. 60 ശതമാനം ഹാജർ നിർബന്ധമാണ്. ജില്ലയിലെ പ്രധാന സർക്കാർ, എയിഡഡ് സ്കൂളുകൾ തുല്യതാകോഴ്സിൻ്റെ സമ്പർക്ക പഠനകേന്ദ്രങ്ങളായിരിക്കും. http://www.literacymissionkerala.org എന്ന വെബ് സൈറ്റിൽ രജിസ്ട്രേഷൻ വിവരങ്ങൾ ലഭ്യമാണ്.
വിശദ വിവരങ്ങൾക്ക് ആലപ്പുഴ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരതാ പ്രേരക്മാരുമായോ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 0477 225 2095.