ഒരു നാടിന്റെ മുഴുവൻ ശബ്ദവും അലയടിച്ചുയരുകയായിരുന്നു ഇന്ന് മലയാറ്റൂർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ. ആരും പ്രതീക്ഷിക്കാത്ത അത്ര വലിയ ജനക്കൂട്ടം അക്ഷരാർത്ഥത്തിൽ നീലീശ്വരത്തെ നടുക്കി. വിമലഗിരി, സെബിയൂർ ഇടവകാഗങ്ങളും, സ്ത്രീകളും, കുട്ടികളും, പുരുഷന്മാരും, കൈക്കുഞ്ഞുമായി അമ്മമാരും , വൈദീകരും, സന്യസ്തരും. ജാതിയോ മതമോ നോക്കാതെ, തങ്ങളുടെ കോടിയുടെ കളറോ പാർട്ടിയോനോക്കാതെ ഒരു ജനസാഗരം അവിടെ ഒത്തു കൂടി ശുദ്ധവായുവിനായി, അത് തങ്ങളുടെ അവകാശമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, തങ്ങൾ വോട്ടുചെയ്തു വിജയിപ്പിച്ചവർ വഞ്ചിച്ചുവെന്നും, നീതി ലഭ്യമാക്കി തരേണ്ട പഞ്ചായത്ത് പോലും കൈവിട്ടുവെന്നും തിരിച്ചറിഞ്ഞ ജനം ഒന്നാവുകയായിരുന്നു.
നീലീശ്വരം പള്ളൂപ്പേട്ടയിൽ നിന്ന് ആരംഭിച്ച പടുകൂറ്റൻ റാലി പഞ്ചായത്ത് ഓഫീസിനു മുൻപിൽ എത്തിയപ്പോൾ ജന സമുദ്രമായിരുന്നു.
ടാർമിക്സിങ്ങ് പ്ലാന്റ് അന്തരീക്ഷത്തിലേയ്ക്കും, മണ്ണിലേയ്ക്കും പുറം തള്ളുന്ന വിഷ മാലിന്യങ്ങൾ തങ്ങളേയും, ഇപ്പോഴുള്ളതും, ജനിക്കാനിരിക്കുന്നതുമായ ഓരോ കുഞ്ഞിനേയും ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ സമൂഹത്തിന്റെ ഹൃദയ വ്യഥ പങ്കിടാനും, ജനങ്ങളെ വിഡ്ഢികളാക്കുന്ന, തലമുറയെ നശിപ്പിക്കുന്ന ടാർ പ്ലാന്റ് അടച്ച് പൂട്ടുവാനും, പൊതു ജനങ്ങളെ മാറ്റി നിർത്തി ഇപ്രകാരം പണത്തിനായി എന്തും ഒത്താശ ചെയ്തുകൊടുക്കുന്ന ഉദ്യോഗ വൃന്ദത്തെയും, മെമ്പർമാരെയും താക്കീതു ചെയ്തുമാണ് ഓരോരുത്തരും പ്രസംഗിച്ചത്.
കാഞ്ഞൂർ ഫോറോനാ വികാരി റവ.ഫാ. വർഗ്ഗീസ് പൊട്ടയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എറണാകുളം അങ്കമാലി അതിരൂപതാ മെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു.
വിമലഗിരി പള്ളി കൈക്കാരൻ ശ്രീ. എസ്.ഐ. തോമസ് സ്വാഗതം ആശംസിച്ചതിനു ശേഷം ഈ സമരത്തിന്റെ നേതൃത്വം കൊടുക്കുന്ന വിമലഗിരി പള്ളി വികാരി റവ,ഫാ. ജോഷി കളപ്പറമ്പത്ത് ആമുഖ പ്രഭാഷണം നടത്തി. അനധികൃതമായി നേടിയ പ്ലാന്റിന്റെ ലൈസൻസിനെക്കുറിച്ച് തെളിവ് നിരത്തി ജോഷിയച്ചൻ പ്രസംഗിച്ചു.
അതിനുശേഷം പ്രസംഗിച്ച ശ്രീ. എൻ.പി.വിത്സൺ ടാർ പ്ലാന്റിന്റെ ദൂഷ്യ വശങ്ങളെപ്പറ്റി പ്രസംഗിച്ചു. എറണാകുളം അങ്കമാലി അതിരൂപതാ മതബോധന വിഭാഗം ഡയറക്ടർ റവ. ഫാ. ജോയ്‌സ് കൈതക്കോട്ടിൽ, നടുവട്ടം പള്ളി വികാരി റവ.ഫാ. ജോർജ്ജ് പുത്തൻപുരയ്ക്കൽ, സെബിയൂർ പള്ളി വികാരി റവ.ഫാ.ബിനീഷ് പൂണോളി, നീലീശ്വരം പള്ളി വികാരി റവ.ഫാ. ആന്റോ മണ്ണേഴത്ത്, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. സിജോ പൈനേടത്ത്, AKCC അതിരൂപതാ ജനറൽ സെക്രട്ടറി വർഗ്ഗീസ് മൂലൻ, വിമലഗിരി പള്ളി പാരീഷ് കൗൺസിൽ അംഗം ശ്രീമതി. മോളി ജോയി തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.
കുമാരി ശീതൾ ജോജിയുടെ കുഞ്ഞു പ്രസംഗവും, ശ്രീമതി. മിനിയുടെ ഗാനവും സമരത്തിനാവശമുയർത്തി.
സെബിയൂർ പള്ളി മുൻ കൈക്കാരൻ ശ്രീ. ജോർജ്ജ് മാടവന നന്ദി പറഞ്ഞു.
Malayattor Neeleeswaram Panchayath Dharna Photos