മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് മലയാറ്റൂര്‍ മലയില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി മലയാറ്റൂര്‍ തേക്കുംതോട്ടം ഷണ്‍മുഖപുരത്തു വട്ടേക്കാടന്‍ കോരതിന്‍റെ മകന്‍ ജോണി (56) പിടിയില്‍. ഉച്ചയ്ക്ക് 1.15ഓടെ മലയാറ്റൂര്‍ മലയിലെ ഒന്നാം സ്ഥലത്തിനു സമീപം വനത്തിനുള്ളില്‍ നിന്നാണു പ്രതിയെ പിടികൂടിയത്.
കുരിശുമുടിക്കു ചുറ്റുമുള്ള വനത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണു പോലീസ് തെരച്ചില്‍ നടത്തിയത്. സിഐമാര്‍ നേതൃത്വം നല്‍കുന്ന ഓരോ സംഘത്തിലും വിവിധ സ്‌റ്റേഷനുകളിലെ അഞ്ചു വീതം പോലീസുകാരുണ്ടായിരുന്നു.
പോലീസ് ക്യാമ്പില്‍ നിന്ന് ഒരു ബറ്റാലിയന്‍ പോലീസുകാരും അന്വേഷണത്തില്‍ പങ്കാളികളായി. കൃത്യം നടത്താൻ ഉപയോഗിച്ച കത്തി വ്യാഴാഴ്ച സംഭവസ്ഥലത്തുനിന്നു പോലീസ് കണ്ടെടുത്തിരുന്നു.
വ്യാഴാഴ്ച കുരിശുമുടി പാതയിലെ ആറാംസ്ഥലത്ത് വെച്ചാണ് ഫാ. സേവ്യറിനെ ജോണി കുത്തിയത്. ഇടത് തുടയ്ക്കും വയറിനും മധ്യേ കുത്തേറ്റ വൈദികനെ മലയാറ്റൂരിലെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അങ്കമാലിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്വഭാവദൂഷ്യം ആരോപിച്ച് ഏതാനും ആഴ്ചകള്‍ മുമ്പ് ജോണിയെ ഫാദര്‍ കപ്യാര്‍ സ്ഥാനത്തു നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം.
മലയാറ്റൂർ പള്ളിയിൽ അന്ത്യ ദര്ശനത്തിന് വെച്ചപ്പോൾ
FR. SAVIER THELAKKAT @ MALAYATTOOR ST.THOMAS CHURCH