മലയാറ്റൂര്‍: ഇല്ലിത്തോട് പൊട്ടക്കിണറ്റില്‍ വീണ ആനക്കുട്ടിയെ ജെ.സി.ബി. ഉപയോഗിച്ച് കിണറിന്റെ ഭിത്തി മാന്തിയെടുത്ത വഴിയിലൂടെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ച് രക്ഷപെടുത്തി. പുറത്തെത്തിയ ആനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടില്‍ കയറ്റി വിട്ടു. ആനക്കുട്ടി സുരക്ഷിതമായി ആനക്കൂട്ടത്തിനടുത്ത് എത്തുന്നതുവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുഗമിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആനക്കുട്ടി പന്ത്രണ്ടടിയിലധികം താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ വീണത് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കിണറില്‍ വീണ വിവരം അറിഞ്ഞത്. എന്നാല്‍ സമീപത്ത് തന്നെ പത്തുമുപ്പതോളം ആനകളടങ്ങുന്ന കൂട്ടം നിലയുറപ്പിച്ചിരുന്നതിനാൽ അതിനടുത്തേയ്ക്ക് പോകാൻ കഴിഞ്ഞിരുന്നില്ല
ഈ മേഖലയിൽ ആന ശല്യം വളരെ രൂക്ഷമാണ്. കൂടുതലും റബ്ബർ കൃഷിയാണുള്ളത്. റബ്ബറും , വാഴയും എന്നുതുടങ്ങി സർവ്വ കൃഷികളും ഇപ്പോൾ ആന നശിപ്പിച്ച് തുടങ്ങിയെന്നും ആനകൾ മനുഷ്യ ജീവന് തന്നെ ഭീഷണിയാണ് ഉളവാക്കുന്നതെന്നും നാട്ടുകാർ പരാതിപ്പെട്ടു .