നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായി
ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപ് എട്ടാം പ്രതിയായ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ചൊവ്വാഴ്ചയാണ് വിചാരണ നടപടി പൂർത്തിയാക്കിയത്.
പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. കുറ്റക്കാരെന്ന് കോടതി വിധിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്.
ഒന്നാം പ്രതി സുനിൽ എൻ.എസ് എന്ന പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം എന്ന വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഏഴാം പ്രതി ചാർളി തോമസ്, ഒൻപതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി. നായർ എന്നിവരെയാണ് എട്ടാം പ്രതി ദിലീപിനൊപ്പം കോടതി വെറുതെവിട്ടത്.
ആകെ പത്തു പ്രതികളാണ് വളരെ ശ്രദ്ധിക്കപ്പെട്ട കേസിലുണ്ടായിരുന്നത്.
