അടിയന്തര അറ്റകുറ്റപ്പണികൾക്കായി കാലടി ശ്രീശങ്കരാ പാലം മൂന്നുദിവസം രാത്രി അടച്ചിടും.
എം.സി റോഡിലെ കാലടി ശ്രീശങ്കരപാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതുളളതിനാൽ, ഇന്ന് (ജൂലൈ 23) മുതൽ 25 വരെ രാത്രി 10 മുതൽ രാവിലെ ആറു മണി വരെ ഈ പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ (നിരത്ത് ) അറിയിച്ചു.
അങ്കമാലിയിൽ നിന്നും എം.സി റോഡ് വഴി പോകേണ്ട കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും ആലുവ വഴി പെരുമ്പാവൂർ എത്തി യാത്ര തുടരേണ്ടതാണ്. പെരുമ്പാവൂരിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഇതേ റൂട്ട് (തിരിച്ച്) ഉപയോഗിക്കണം. അങ്കമാലി ഭാഗത്തു നിന്നും കോതമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മലയാറ്റൂർ കോടനാട് പാലം വഴി കുറുപ്പംപടി വഴി പോകാവുന്നതാണ്.
മൂവാറ്റുപുഴ / പെരുമ്പാവൂർ ഭാഗത്തുനിന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന ചെറുവാഹനങ്ങൾ വല്ലം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വല്ലം പാറക്കടവ് - ശ്രീമൂലനഗരം - കാഞ്ഞൂർ വഴി എയർപോർട്ടിലേക്ക് പ്രവേശിക്കേണ്ടതാണെന്നും അസി. എക്സി. എഞ്ചിനിയർ അറിയിച്ചു.
