Manapattuichra ownership dispute hinders tourism of Malayattoor
മലയാറ്റൂര്‍: 2015ല്‍ ഇപ്പോഴത്തെ ഭരണസമിതി നിലവില്‍ വരുന്നത് വരെ പഞ്ചായത്താണ് മണപ്പാട്ടു ചിറയുടെ സംരക്ഷണവും ജലസേചന ഷട്ടറുകളുടെ നിയന്ത്രണം ഉള്‍പ്പെടെ എല്ലാം ചെയ്തിരുന്നത്.
എന്നാല്‍ 2016 മുതല്‍ ആരംഭിച്ച തര്‍ക്കം മൂലം മലയാറ്റൂര്‍ അടിവാരത്തെ കടകളുടെ ലേലം നിര്‍ത്തിവയ്ക്കുകയും ബോട്ട് സര്‍വീസ് നിലച്ചു പോകുകയും ചെയ്തു.
സംസ്ഥാന ടൂറിസം വകുപ്പ് തുടങ്ങി വച്ചിരുന്ന ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ശൗചാലയങ്ങള്‍ എന്നിവ പൂട്ടി ഇടുകയും ചെയ്തു. ഇത് സംബന്ധിച്ച് 2017 ജൂണില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബോട്ട് സര്‍വീസ് പുനരാരംഭിക്കുകയും ടൂറിസം പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ നടത്തുവാനും തീരുമാനം എടുത്തിരുന്നു.
ചിറയിലേക്ക് തള്ളി നില്ക്കുന്ന ഗാലറിയുടെ അറ്റകുറ്റപ്പണികള്‍ നടത്താനുണ്ടെന്ന ഇറിഗേഷന്‍ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇപ്പോള്‍ ബോട്ട് സര്‍വീസ് നിര്‍ത്തിവക്കാനുള്ള നീക്കത്തിലാണ്.
ചിറയിലുണ്ടായ വെള്ളം പുഴയിലേക്ക് തുറന്നുവിടരുതെന്നും, ബോട്ട് ഓടിക്കുന്നതുകൊണ്ട് ചിറയുടെ ഭിത്തിക്ക് കേടുകള്‍ സംഭവിക്കുന്നുമെന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. 1997ല്‍ പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്നതിനുശേഷം കുളങ്ങള്‍, തോടുകള്‍, പൊതുകിണര്‍, പുഴതീരങ്ങള്‍, പുറന്പോക്കുകള് എന്നിവ സംരക്ഷിക്കാനുള്ള അധികാരം പഞ്ചായത്ത് ഭരണസമിതിയില്‍ നിഷിപ്തമാണ്.
2015 വരെ ബോട്ട് ലേലവും ചിറയുടെ പൂര്‍ണ സംരക്ഷണ ചുമതലയും പഞ്ചായത്തിനായിരുന്നു. എന്നാല്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റും പഞ്ചായത്തും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. മണപ്പാട്ടുചിറ, സമീപ പ്രദേശങ്ങള്‍ എന്നിവയുടെ ഉടമാവകാശ തര്‍ക്കം ഈ മേഖലയിലെ ടൂറിസം വികസനത്തിനു തീരാശാപമായി മാറിയിരിക്കുകയാണെന്നു ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതിയംഗം ടി.ഡി. സ്റ്റീഫന്‍ പറഞ്ഞു.
നിലവില്‍ സര്‍ക്കാരില്‍ നിന്നും കിട്ടിയിരുന്ന വരുമാനം ഈ തര്‍ക്കത്തിന്റെ പേരില്‍ നിശ്ചലമായിരിക്കുകയാണ്. അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് മലയാറ്റൂര്‍-നീലിശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.