വിശുദ്ധവാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്കു കൂടി. കുരിശേന്തിയും കിലോമീറ്ററുകളോളം നടന്നും ഒട്ടേറെ തീർഥാടകർ കുരിശുമുടിയിലേക്കെത്തുന്നു. കത്തുന്ന ചൂടിനെ വകവെയ്ക്കാതെയാണിവർ ത്യാഗം സഹിച്ച് ഇവിടേയ്‌ക്കെത്തുന്നത്.
കുരിശുമുടി പള്ളിയിൽ രാവിലെ 5.30, 7.30, 9.30, വൈകിട്ട് 6.30 സമയങ്ങളിൽ കുർബാനയുണ്ടാകും. താഴത്തെ പള്ളിയിൽ ഈ 3 ദിവസവും കുമ്പസാരദിനങ്ങളാണ്. രാവിലെ 5.30ന് ആരാധനയും 6 നും 7നും വൈകിട്ട് 5.15നും കുർബാനയുണ്ടാകും.
പെസഹ വ്യാഴം, പീഡാനുഭവശനി, വലിയ ശനി, ഉയിർപ്പുഞായർ തിരുക്കർമങ്ങൾ രണ്ടിടത്തും നടക്കും. 24 മണിക്കൂറും മല കയറാം. ശുദ്ധജലവും വൈദ്യസഹായവും ഉൾപ്പെടെ തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നേരത്തേ അറിയിച്ച് എത്തുന്ന തീർഥാടകർക്കു താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Photoghrapher : Sivan Malayattoor